തൊടുപുഴ: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ വാതില്‍ ഞായറാഴ്ച തുറന്നുകിടന്ന സംഭവത്തില്‍ വീഴ്ചവരുത്തിയ രണ്ടു ജീവനക്കാര്‍ക്ക് താക്കീത്. ഓഫീസിലെ സ്വീപ്പര്‍, ഡ്രൈവര്‍ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടതിനു ശേഷം താക്കീത് നല്‍കിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഡിഡിഇയോട് വിശദീകരണം തേടിയിരുന്നു.
തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനു സമീപത്തെ ഓഫീസിന്റെ പ്രധാന വാതിലില്‍നിന്ന് അല്പം മാറിയുള്ള ചെറിയ വാതിലാണ് ഞായറാഴ്ച തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്. ഓഫീസ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാഹനവും ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു.
വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി വാതിലിന് ഓടാമ്പലിട്ടിരുന്നു. മോഷണശ്രമം നടന്നിട്ടുണ്ടോയെന്ന സംശയത്തില്‍ തിങ്കളാഴ്ച രാവിലെയും പോലീസിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് തുറന്നത്. ഓഫീസില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിഡിഇ പി.സി. ഗീത പിന്നീട് പറഞ്ഞു. എല്ലാ ദിവസവും ഓഫീസ് പൂട്ടിയിറങ്ങുന്ന സ്വീപ്പറോടും ഡ്രൈവറോടുമാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ഇരുവരും വീഴ്ച മനസിലാക്കിയതായും ഓഫീസില്‍നിന്ന് ഒന്നും നഷ്ടമാകാത്തതിനാലുമാണ് ശിക്ഷാ നടപടികളിലേക്ക് കടക്കാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും ഡിഡിഇ വ്യക്തമാക്കി. നിരീക്ഷണത്തിനായി ഓഫീസ് പരിസരത്ത് സിസിടിവി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.